Society Today
Breaking News

കൊച്ചി: ഇടവേളയ്ക്ക് ശേഷം കോവിഡ് വീണ്ടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗം വ്യാപനം തടയാന്‍ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി ഘടകം. വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളില്‍ ഉളള ഒത്തുചേരലുകള്‍ തല്‍ക്കാലം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്നും അനുബന്ധരോഗമുള്ളവര്, പ്രായം ചെന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍പ്പെടാതെ സൂക്ഷിക്കണമെന്നുംഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്.ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍,സയന്റിഫിക്ക് അഡൈ്വസര്‍ ഡോ.രാജീവ് ജയദേവന്‍ എന്നിവര്‍ പറഞ്ഞു. ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപശാഖയായ എക്‌സ്ബിബി.1.16 (XBB.1.16) നിലവില്‍ രാജ്യത്ത് വ്യാപിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.രോഗലക്ഷണമില്ലാതെയും കോവിഡ് കണ്ടുവരുന്നുണ്ട്. രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നുണ്ടെങ്കിലും നിലവില്‍ മിക്കവര്‍ക്കും ഗുരുതരമാകുന്നില്ല. വീട്ടില്‍ തന്നെ ചികില്‍സിക്കാവുന്ന കേസുകളാണ് അധികവും, ഇവര്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വരുന്നില്ല.നിരന്തരം ജനിതക മാറ്റങ്ങള്‍ ഈ വൈറസിന്റെ രീതിയാണ്, ഇതു മൂലം മുന്‍പ് രോഗം വന്നു പോയവരിലും വാക്‌സിന്‍, ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും  രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

വാക്‌സിന്‍ എടുത്തിട്ടുള്ളവരില്‍ രോഗം ഉണ്ടായാലും ഗുരുതര രോഗസാധ്യത വളരെ കുറവാണ്. എന്നാല്‍ പ്രായം ചെന്നവര്‍, ഗുരുതരമായ അനുബന്ധ രോഗമുള്ളവര്‍ എന്നിവരില്‍ കോവിഡ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചിലര്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ വേണ്ടി വരുന്നതായും കാണുന്നുണ്ട്. ഇന്ത്യയിലെ ഇതര  സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും സമാനമായ അവസ്ഥയാണുള്ളതെന്നും ഐ.എം.എ ഭാരവാഹികള്‍ വ്യക്തമാക്കി. പനി, ജലദോഷം, തലവേദന ശരീരവേദന, ഉളള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തുക സാധ്യമല്ല, അതില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ രോഗബാധിതര്‍ സമൂഹത്തില്‍ ഉണ്ടാകും. നിലവില്‍  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിച്ചാല്‍ ആനുപാതികമായി രോഗം ഗുരുതരമാകാനും അതുവഴി ആശുപത്രികളില്‍ തിരിക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ട് അടുത്ത ഏതാനും ആഴ്്കളില്‍ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കണമെന്നും ഐ.എം.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

അടുത്ത കാലത്തായി ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കം രോഗം ബാധിക്കുന്നുണ്ട്. എന്നാല്‍ ആരിലും ഗുരുതരാവസ്ഥയില്ല. ആശുപത്രികളില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം, പനിയുള്ള വ്യക്തികള്‍ പനി മാറുന്നതു വരെ മറ്റുള്ളവരുമായി ഇടപഴകാതെ ശ്രദ്ധിക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ആന്റിബിയോട്ടിക്കുകള്‍ സ്വയം വാങ്ങി കഴിക്കരുത്. തുടക്കത്തില്‍ ജലദോഷ ലക്ഷണങ്ങള്‍ കാണുക പതിവാണെങ്കിലും രക്തക്കുഴലുകളെയും മറ്റും ബാധിക്കാന്‍ കഴിവുള്ള ഒരു പ്രത്യേക തരം രോഗമാണ് കോവിഡ്. കഠിനമായ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരിലും പില്‍ക്കാലത്ത് പല രീതിയിലുള്ള ഗുരുതരാവസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കഴിവതും രോഗം വരാതെ നോക്കണമെന്നും ഐ.എം.എ ഭാരവാഹികള്‍ വ്യക്തമാക്കി. കോവിഡ് ആരംഭിച്ചതു മുതല്‍ ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തില്‍ എല്ലാ ചൊവ്വാഴ്ചകളിലും കൃത്യമായി വിവിധ  ശ്രേണിയിലുള്ള ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ ആയി മീറ്റിംഗുകള്‍ ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇപ്പോഴും ഇത് തുടരുന്നുണ്ട്.

Top